തിരുവനന്തപുരം: കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഒന്നാംഘട്ടമായി നിര്‍മിച്ച 18 വീടുകളുടെ താക്കോല്‍ ദാനവും ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന പഠന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണ ഉദ്ഘാടനവും 29ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് ഇഎംഎസ് ഹാളില്‍ വൈകീട്ട് 3ന് നടക്കുന്ന ചടങ്ങില്‍ കിളിമാനൂര്‍ ഭൂമിമിത്ര ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് ഉത്പ്പാദിപ്പിക്കുന്ന ബ്രാന്റഡ് കുത്തരി കെഎംആര്‍ റൈസിന്റെ വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനില്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്തിലെ മികച്ച സംരംഭകയായ ജെ.സന്ധ്യയെ അടൂര്‍ പ്രകാശ് എംപി ആദരിക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളടങ്ങിയ വികസന പത്രിക വി.ജോയി എംഎല്‍എ പ്രകാശനം ചെയ്യും. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിവിധ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി 5 കോടി 92 ലക്ഷം രൂപ വകയിരുത്തി പട്ടികജാതി ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി മൂന്ന് ബ്ലോക്കുകളിലായി നിര്‍മിക്കുന്ന ഭവന സമുച്ചയത്തിന്റെ ഒന്നാംബ്ലോക്കിലെ 18 ഭവനങ്ങളാണ് പണിപൂര്‍ത്തിയാക്കി കൈമാറുന്നത്. ഒ.എസ്.അംബിക എംഎൽഎ അധ്യക്ഷത വഹിക്കും.